2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ഒരു ശങ്ക..

കുറെ നാളായി എന്തേലും പറഞ്ഞിട്ട്..
ഇത് പറയണമെന്ന് തോന്നണു..
ആരേം പിണക്കാനല്ല, ഒരു ദുരുദ്ദേശവും ഇല്ലാ.. ചുമ്മാ 
 അപ്പൊ പറഞ്ഞു വന്നത്, ഇന്നലെ ബസ്സിലിരുന്നു  ഞാനെന്‍റെ ഈ വിടര്‍ന്ന കണ്ണും കൊണ്ട് കണ്ടതാണെ
വല്യ കാര്യമൊന്നുമല്ല, ഒരു പോസ്റ്റര്‍ , സിനിമാ പോസ്റ്റര്‍..
അതില് നമ്മടെ ശ്വേത മേനോനെ കണ്ടു.. അവരെ പലരും പല സ്ഥലങ്ങളിലും അധിക്ഷേപിച് സംസാരിച്ചു കേട്ടിട്ടുണ്ട്.
പൊതുവേ അത്തരം കാര്യങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യം ആണ് വലുത് എന്നാണ് എന്‍റെ വിചാരം.
പക്ഷെ ഇന്നലെ ആ പോസ്റ്റര്‍ കണ്ടപ്പോ വേണ്ടിയിരുന്നില്ല എന്ന് തോന്നി.
 (മുന്‍‌കൂര്‍ ജാമ്യം എടുക്കട്ടെ.. ഞാന്‍ സദാചാര പോലീസുകാരി ഒന്നുമല്ലാട്ടോ..)

ആ പോസ്റ്ററില്‍ ശ്വേത തുണി അലക്കുവാണ്‌...
നിങ്ങളൊക്കെ കണ്ടതാന്ന് എനിക്കറിയാമേ..
എന്‍റെ പ്രശ്നം വേറൊന്നുമല്ല, ശ്വേത എങ്ങനെ നിന്ന് വേണേല്‍ അലക്കട്ടെ 
കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത്  പോലെ തന്നെയാവണം ആവിഷ്കാരം..
അതില്‍ ഒരു തെറ്റുമില്ല, പക്ഷെ അങ്ങനൊരു പടം റോഡില്‍ ഒട്ടിക്കണോ?
ഇവള്‍ ഏത് നാട്ടുകാരി എന്ന് എന്നെ നോക്കി  മുഖം ചുളിക്കണ്ട..
ഇങ്ങനൊരു പോസ്റ്റര്‍ കണ്ടിട്ട് ഇടവഴി കയറി വരുന്ന ഒരാള്‍ക്ക്‌ വേണ്ടാത്തൊരു വിചാരം തോന്നിയാല്‍,കഷ്ടകാലത്തിനു നമ്മളെങ്ങാനും അതിലെ ചെന്ന് ചാടിയാല്‍..  പൊല്ലാപ്പായില്ലേ?
അതും വെറുതെ നടന്നു പോണ പെണ്‍കുട്ടിയെ പൊക്കിയെടുത്ത്  ഓടുന്നതാണ് പുതിയ ഫാഷന്‍..
ആ പടം കണ്ടില്ലേലും സാമൂഹ്യ വിരുദ്ധര്‍ക്ക് തോന്നാനുള്ളത്  തോന്നും, അവരത് നടപ്പിലുമാക്കും, അറിയാം.
എന്നാലും നാടൊട്ടുക്ക് ഇങ്ങനൊരു പടം ഒട്ടിച്ചിട്ട്‌, അത് കണ്ട്‌ സന്തോഷമായി നടന്നു പോയിട്ട്,
അടുത്ത ബസില്‍ കയറി ഒരു സ്കൂള്‍കുട്ടിയെ ഉപദ്രവിച്ചിട്ടു ,
അത് അവളുടെ വസ്ത്രത്തിന്‍റെ, ( അതായത് യുണിഫോമിന്റെ, ഏത്? ) കുഴപ്പമാണെന്നു പറഞ്ഞു മാന്യനായി വീട്ടില്‍ പോയിരുന്നു വെറുതെ അല്ല ഭാര്യ കാണുന്നവര്‍..
മനസ്സിലാവണില്ല..
ആരെങ്കിലും കുട്ടിക്ക് നല്ല ബുദ്ധി പറഞ്ഞു  തരുവോ?

 

 

2011, നവംബർ 14, തിങ്കളാഴ്‌ച

ഒരു കുട്ടിയുടെ ഓര്‍മയ്ക്ക്

മിക്കവാറും ശിശുദിനങ്ങളിലും അധ്യാപക ദിനങ്ങളിലും വേണമെന്നു വിചാരിക്കാതെ ഓര്‍ത്തുപോകുന്ന ഒരു അനുഭവം..അന്ന് അത് സംഭവിച്ച കാലത്ത് ഇത്രത്തോളം സങ്കീര്‍ണമായ ഒന്നാണ് അതെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല..കുട്ടിയായിരുന്നല്ലോ..


 തന്‍റെ  മക്കളെ നിര്‍ബന്ധിതമായി  ഒരു സാധാരണ സ്കൂളില്‍ മലയാളത്തില്‍ പഠിപ്പിച്ച, നേരിയ തോതില്‍ കമ്മ്യൂണിസത്തിന്‍റെ  അസ്കിതയുള്ള,  ഒരുപാടു പുസ്തകങ്ങള്‍ വായിക്കുന്ന, നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന ഒരു പൊടിയാടിക്കാരന്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ അരുമപ്പുത്രി. മുളക് പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ് വരെ ആര്‍ത്തിയോടെ വായിച്ചിരുന്ന ഒരു കുഞ്ഞിപെണ്ണായിരുന്നു അന്ന് ഞാന്‍..
ആ വായനയും പിന്നെ അന്നുണ്ടായിരുന്ന ശിശുസഹജമായ കൌതുകവും അതിനെ തല്ലിക്കെടുതാതിരുന്ന അധ്യാപകരും ഒക്കെകൂടി എന്നെ അത്യാവശ്യം പൊതുവിജ്ഞാനം ഉള്ള ഒരു ജീവിയാക്കി.


എന്‍റെ  കുഞ്ഞുസ്കൂളില്‍ നിന്ന് കുറച്ചു മത്സരങ്ങള്‍ക്കൊക്കെ പോയി ഒരു മിടുക്കിയായി വിലസുന്ന കാലം. അന്നത്തെ നല്ല പ്രചാരമുള്ള ഒരു പരീക്ഷയായിരുന്നു  യുറീക്ക പരീക്ഷയെന്നു പൊതുവേ വിളിച്ചിരുന്ന പരിഷത്തുകാരുടെ വിജ്ഞാനോത്സവം. കളികളും പാട്ടും ഒക്കെയായി ഒരു മത്സരത്തിന്‍റെ യാതൊരു മസിലുപിടിത്തവുമില്ലാത്ത ഒരു ഏര്‍പ്പാട്. എല്‍പി സ്കൂളില്‍ പഠിക്കുമ്പോ പോയിട്ട് ഒത്തിരി ഇഷ്ടപ്പെട്ടതുകൊണ്ട് അഞ്ചാംക്ലാസ്സുകാരിയായപ്പോ യുപി വിജ്ഞാനോല്സവത്തിനു പോവാന്‍ ശരിക്കും ഉത്സാഹം തന്നെയായിരുന്നു.. പുതിയ ഡിപിഈപി ഒക്കെ വരും മുന്‍പുള്ള കാലം. അന്ന് പഠനം പ്രവര്‍ത്തനമാണെന്ന് ഞങ്ങളോട ആദ്യം പറഞ്ഞത് പരിഷത്തിലെ മാഷന്മാരായിരുന്നു.


പച്ചയും വെള്ളയും യുണിഫോമിട്ടു ചെന്ന എനിക്കും കൂട്ടര്‍ക്കും എന്തോ ആദ്യമേ ആക്കൊല്ലത്തെ മൊത്തം സെറ്റപ്പ് ബോധിച്ചില്ല..പിന്നെ എന്തായാലും വന്നതല്ലേ പറ്റുന്ന പോലെ ആഘോഷിക്കാമെന്ന്  ഓര്‍ത്തു. രാവിലെ ഒരു പരീക്ഷ, അതിനു എല്ലാവരും ഒരുമിച്ചു നിരന്നു  ഇരിക്കുന്നു. ഒരു മെലിഞ്ഞ മാഷ്‌ ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കും , ഉത്തരം പേപ്പറില്‍ എഴുതണം എന്നിട്ട് അപ്പോള്‍ തന്നെ ഉത്തരം പറഞ്ഞു തരും, ശരിയായവര്‍ എണീറ്റ്‌ നിക്കണം, അവര്‍ക്ക് മാര്‍ക്കിടും.


ചോദ്യങ്ങള്‍ ഓരോന്നായി വന്നു, കുറെയൊക്കെ അറിയാവുന്നവ.അഞ്ചാംക്ലാസ്സുകാരിയായ എന്‍റെ അടുത്തിരിക്കുന്നത് എന്‍റെ സ്കൂളിലെ എഴില്‍ പഠിക്കുന്ന ഒരു ചേച്ചിയാണ്. പീക്കിരിയായ എന്‍റെ ഒരു ലോക്കല്‍ ഗാര്‍ഡിയന്‍ കൂടിയാണ് കക്ഷി. ചേച്ചി ഏന്തിവലിഞ്ഞു പേപ്പറില്‍ നോക്കി. പല പല അവസരങ്ങളില്‍ ഉണ്ടായേക്കാവുന്ന ഉപകാരങ്ങള്‍ ഓര്‍ത്തു ഞാന്‍ പേപ്പര്‍ സൌകര്യമായി നീക്കി വെച്ചുകൊടുത്തു..പിന്നീടങ്ങോട്ട് ചേച്ചിയും ഞാനും ഒരുമിച്ച് എണീറ്റു നിന്നു, ഒരുമിച്ച് ഇരുന്നു..


 ഉച്ചവരെ അങ്ങനെ പോയി.അപ്പോള്‍ എനിക്കൊരു സംശയം, അവിടെ നിക്കണ മഞ്ഞസാരിയുടുത്ത ഒരു ടീച്ചര്‍ക്കും വേറൊരു മാഷ്ക്കും സംഭവം പിടികിട്ടിയോന്ന്.. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വിട്ടു. മനസ്സില്ലാമനസ്സോടെ ഞാന്‍ ചേച്ചിയോട് കാര്യം പറഞ്ഞു, ഇനി ശരിയാവില്ല. ഉച്ചയ്ക്ക് ശേഷം ഞാന്‍ നല്ലകുട്ടി ആകാന്‍ പോവാണെന്ന്..


ഉച്ചയ്ക്ക് ആദ്യത്തെ ചോദ്യം.. രണ്ടു വരി കവിത ചൊല്ലിയിട്ട് എഴുതിയത് ആരാന്ന്. അത് കുഞ്ഞുണ്ണിമാഷ്ടെ കവിതയാരുന്നു.ഉത്തരം എഴ്തീട്ട് ഞാന്‍ എണീറ്റു നിന്നു, നോക്കുമ്പോ കഷ്ടകാലത്തിനു  ഞാന്‍ മാത്രേ എണീറ്റുനില്‍പ്പുള്ളൂ. ആ മെലിഞ്ഞ മാഷ് എന്നെ നോക്കി അര്‍ത്ഥഗര്‍ഭമായൊന്നു മൂളി.. പുറകെ വന്ന ചോദ്യങ്ങളൊക്കെ സത്യസന്ധമായി എഴുതി.. ഉച്ചയ്ക്കത്തെ ചോദ്യം രാവിലത്തെതിനെക്കാള്‍ കടുപ്പവുമായിരുന്നു, ഒക്കെകഴിഞ്ഞു റിസള്‍ട്ട്‌ വന്നു, മേഖല വിജ്ഞാനോല്സവത്തിനു പോവാന്‍ 20 പേര്‍. അക്കൂട്ടത്തില്‍ ഏറ്റവും കുഞ്ഞായി ഞാനും..


എല്ലാരും പോയിത്തുടങ്ങി.. മേഖലയ്ക്കു പോകുന്നതിനെക്കുറിച്ച് പറയാന്‍ വേണ്ടി ഞങ്ങളെ അവിടെ നിര്‍ത്തി. എന്‍റെ ലളിതടീച്ചര്‍ ഏതോ  കൂട്ടുകാരികളോട് സംസാരിക്കാന്‍ പോയി.. മഴയും പെയ്യുന്നുണ്ട്, വിശക്കുന്നു, തുടങ്ങിയ വിചാരങ്ങളുമായി ഓടില്‍ നിന്നും ഇറമ്പിലേക്ക് വീഴുന്ന വെള്ളവും നോക്കിനിന്ന എന്‍റെ അടുത്തേക്ക് മെലിഞ്ഞ മാഷ് വന്നു, വേറൊരു ടീച്ചറും... അവരെന്നോട് അടുത്തുവന്നു നില്ക്കാന്‍ പറഞ്ഞു, പേരും വിശേഷങ്ങളുമൊക്കെ ചോദിച്ചു.അപ്പൊ മഞ്ഞസാരിയുടുത്ത ടീച്ചറും വന്നു.ചരിത്രാതീതകാലം മുതല്‍ പെണ്ണുങ്ങള്‍ പിന്തുടര്‍ന്ന് പോരുന്ന അടക്കിച്ചിരിയും കുശുകുശുക്കലും..അവരുടെ നോട്ടത്തിലെ പരിഹാസം;കുഞ്ഞാണ് എങ്കിലും അത് തിരിച്ചറിയാനുള്ള ബുദ്ധി ഏതു കുഞ്ഞിനും കാണും ..മഞ്ഞസാരിടീച്ചര്‍ മറ്റേ ടീച്ചറോട് പറഞ്ഞു " രാവിലെ അവള്‍ നോക്കിയെഴുതിയതാ, ഉച്ചയ്ക്ക് അറിയാവുന്നത് വന്നപ്പോ പറഞ്ഞു കൊടുത്തതുമില്ല..." അത്രയും ഞാന്‍ കേട്ടു..അത് കഴിഞ്ഞപ്പോ പിന്നെ ചെവിയില്‍ എന്തോ കേറിയപോലെ..അവരെന്നെ നോക്കി പിന്നെയും മുഖം കോട്ടി.ഒടുവിലാ ടീച്ചര്‍ എന്നെ അടുത്തേക്ക് വിളിച്ചു, അച്ഛനെന്താ ജോലി എന്ന് ചോദിച്ചു, അത് കഴിഞ്ഞു പറഞ്ഞു, "അപ്പൊ അച്ഛന്‍റെ മോള് കള്ളി"....


ഇന്നിത് ആദ്യമായി എന്‍റെ മനസ്സ് വിട്ടു പുറത്തു വരുമ്പോ എനിക്ക് കാണാം, ഈ ലോകത്തോട്‌ മുഴുവന്‍ കലഹിക്കാന്‍ വെമ്പുന്ന മനസ്സോടെ, നിറയുന്ന കണ്ണുകള്‍ താഴേക്കാക്കി, ഒരക്ഷരം മിണ്ടാതെ മഴയത്തു നടന്നു പോകുന്ന ഒരു പച്ചപ്പാവാടക്കാരിയെ..









2010, ജൂൺ 3, വ്യാഴാഴ്‌ച

അമ്പരപ്പ്..

എഴുതാന്‍ കയറിയിട്ട് പേടിയാകുന്ന പോലെ..
വെറുതെ പറയുകയല്ല, നേരാണ്..
എഴുത്ത് ആദ്യമായല്ല, എന്നാലും പുതിയൊരു മാധ്യമതോടുള്ള അപരിചിതത്വം.. ബൂലോഗത്തില്‍ വളരെ വൈകി എത്തിപ്പെട്ടതിന്റെ ഒരു സങ്കോചം.. ആദ്യമായി സ്കൂളില്‍ ചേര്‍ന്ന കുട്ടിയെപ്പോലെ...
ഞാന്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ തെറ്റിപ്പോയാലോ?
ഇന്നിത്ര മതിയെന്ന് തോന്നുന്നു...